പുതിയ കൊറോണ വൈറസ് വകഭേദം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ല ;കേന്ദ്രം
ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തിന്‍റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പുതിയ വൈറസ് ഇന്ത്യയില്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളെ ബാധിക്കില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ അറിയിച്ചു. വൈറസിനുണ്ടായ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്‍റെ കാഠിന്യം കൂട്ടാനിടയില്ലെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ഭീഷണിയെ തുടര്‍ന്ന് ബ്രിട്ടനിൽ നിന്നുള്ള വിമാന സർവിസുകൾ ഇന്ത്യ ഡിസംബര്‍ 23 മുതല്‍ 31 വരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 23 വരെ ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാർ വിമാനത്താവളത്തിൽ തന്നെ ആർ.ടി-പി.സി.ആർ ടെസ്റ്റ് നടത്തണം. കോവിഡ് പോസിറ്റീവാകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും സജ്ജമാക്കും. വിമാനത്താവളത്തിലെ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനും നിര്‍ബന്ധമാക്കി.
യു.കെയില്‍ നിന്നുള്ള എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ യാത്രാ ചരിത്രം രേഖപ്പെടുത്തണം. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം. ഇവരെ നിര്‍ബന്ധമായും ആർ.ടി-പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കുന്നത് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ പ്രത്യേക പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം. വകഭേദം സംഭവിച്ച വൈറസ് സാമ്പിളാണോ എന്ന് മനസ്സിലാക്കുന്നതിനാണത്. ആണെന്ന് കണ്ടെത്തുകയാണെങ്കില്‍ ഇവരെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും