സരിത്തിനെയും സ്വപ്‌നയെയും എട്ടാം തീയതി വരെ കസ്റ്റഡിയിൽ വിട്ടു; ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്
സ്വർണക്കടത്ത് കേസിൽ സ്വപ്‌നയും സരിത്തും നൽകിയ മൊഴി അവരുടെ തന്നെ ജീവന് ഭീഷണിയായേക്കാമെന്ന് കസ്റ്റംസ്. ഇരുവരെയും ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
ഡോളർക്കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുവരെയും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വർണക്കടത്തിലും ഡോളർ കടത്തിലും ശിവശങ്കറിനുള്ള പങ്കാളിത്തം സംബന്ധിച്ച് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ വിദേശികൾ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ യാത്രാ രേഖകൾ കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് പറഞ്ഞു
രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടന്നത്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് സരിത്തിനെയും സ്വപ്‌നയെയും ഈ മാസം എട്ടാം തീയതി വരെ കസ്റ്റഡിയിൽ വിട്ടു.