Saturday, January 4, 2025
Kerala

കെട്ടടങ്ങാതെ മിത്ത് വിവാദം; ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജി.സുകുമാരന്‍ നായര്‍

ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ് സേതുമാധവനും വിഎച്ച്പി നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വി.ജി തമ്പി, അയ്യപ്പ സേവാ സമാജം ഭാരവാഹി എസ് ജെ ആര്‍ കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

ഷംസീറിന്റെ ഗണപതി പരാമര്‍ശത്തിനെതിരെ നിലപാട് കടുപ്പിച്ച മത സാമുദായിക സംഘടനകള്‍ നടത്താനിരിക്കുന്ന തുടര്‍ സമര പരിപാടികള്‍ വരുംദിവസങ്ങളിലുണ്ടാകും. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കൂടി എന്‍എസ്എസ് തേടിയിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ മറുപടി ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ നിലപാട് പാര്‍ട്ടിക്കും ഷംസീറിനും അനുകൂലമാണെങ്കില്‍ സമരങ്ങള്‍ അടക്കമുള്ള മറ്റ് മാര്‍ഗങ്ങളിലേക്ക് കടക്കുമെന്ന് ജി സുകുമാരന്‍ നായര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ്-എന്‍എസ്എസ് കൂടിക്കാഴ്ച.

മിത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ചങ്ങനാശേരി നഗരത്തില്‍ ബിജെപിയുടെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഷംസീര്‍ മാപ്പ് പറയണമെന്ന് നിലപാടിലേക്ക് ബിജെപിയും എത്തിയിട്ടുണ്ട്. ചങ്ങനാശേരിക്ക് പുറമേ കോട്ടയം അടക്കമുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി വലിയ ജനപങ്കാളിത്തത്തോടെ പ്രതിഷേധം നടത്താനാണ് ബിജെപി നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ഷംസീറിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യക്തമാക്കി. ഇന്നലെ നടത്തി നാമജപയാത്രയ്‌ക്കെതിരെ കേസെടുത്തതിലും ബിജെപി പ്രതിഷേധിക്കും.

Leave a Reply

Your email address will not be published. Required fields are marked *