അസഫാക്ക് ആലവുമായി തെളിവെടുപ്പ് പൂര്‍ത്തിയായി; പെണ്‍കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെത്തി
ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസെന്നും പി. രാജീവും പറഞ്ഞു.ആലുവ മാര്‍ക്കറ്റില്‍ നടന്ന തെളിവെടുപ്പില്‍ പെണ്‍കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെത്തി. ബിഹാറിലേക്ക് പോകാനായി ടീം സജ്ജമാണെന്നും വിശദമായി ചോദ്യം ചെയ്തതിന് ശേഷം ടീം ബീഹാറിലേയ്ക്ക് തിരിക്കുമെന്നും റൂറല്‍ എസ് പി. വിവേക് കുമാര്‍ പറഞ്ഞു.
ആലുവയില്‍ ക്രൂരമായി അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ അസഫാക്കുമായുള്ള തെളിവെടുപ്പില്‍ ജനരോക്ഷം ശക്തമായിരുന്നു. വലിയ സുരക്ഷ ക്രമീകരണങ്ങളോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. ആലുവ മാര്‍ക്കറ്റില്‍ കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ചു എന്ന് പ്രതി പറഞ്ഞ പെണ്‍കുട്ടിയുടെ കീറിയ വസ്ത്രത്തിന്റെ ഒരു ഭാഗവും ചെരുപ്പും കണ്ടെത്തി. അഞ്ചുവയസ്സുകാരി ധരിച്ചിരുന്ന വസ്ത്രം കീറിയെടുത്ത് അത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ബാക്കി തെളിവെടുപ്പ്. പ്രതി അസഫാക്ക് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും, പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിന് ബീഹാറിലേയ്ക്ക് പോകാന്‍ ടീം സജ്ജമാണെന്നും, റൂറല്‍ എസ്പി പ്രതികരിച്ചു.
അതേസമയം മന്ത്രിമാരായ എം. ബി. രാജേഷ്, പി. രാജീവ്, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ എത്തി. കുടുംബത്തിനു ധനസഹായമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായത്തിന്റെ ഉത്തരവ് മന്ത്രിമാര്‍ കുടുംബത്തിനു കൈമാറി. കുറ്റമറ്റ രീതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നുവെന്നും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.