Saturday, January 4, 2025
Kerala

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (04-08-22) അവധി. തിരുവല്ല താലൂക്കില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നൽകിയിട്ടുണ്ട്. ഇടുക്കിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.

തീവ്രത കുറയുമെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർ​ഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്നും ‌12 ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടുണ്ട്. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം.

മലയോരമേഖലയിൽ അപകടസാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രത വേണം. കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ കർശനവിലക്കും തുടരുകയാണ്. മഴക്കെടുതികൾ രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറന്നു.

വൈദ്യുതിവകുപ്പിന്റെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ. കൃഷ്‍ണൻ കുട്ടി പറഞ്ഞു.
ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളുടെ കാര്യത്തിൽ ആശങ്കവേണ്ടെന്ന് ഉന്നതതലയോഗത്തിന് ശേഷം ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *