Friday, April 11, 2025
Kerala

തൊണ്ടിമുതലില്‍ കൃത്രിമത്വം; കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി

ആന്റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്രിമത്വം നടത്തിയെന്ന കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇന്നലെയാണ് ആന്റണി രാജു കേസ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്നുകാട്ടി കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ല, പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത ഒരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ചുമതലയുമില്ല എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. ഇത് പരിഗണിച്ചുകൊണ്ടാണ് തുടര്‍നടപടികള്‍ റദ്ദുചെയ്ത് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് പരിഗണിക്കുന്നുണ്ട്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിയ്‌ക്കെതിരായ കേസ്.

കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലീസിന് അവകാശമില്ല. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം ഫയലില്‍ സ്വീകരിക്കാന്‍ കോടതിക്കും അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തൊണ്ടിമുതല്‍ മോഷണ കേസില്‍ വിചാരണക്കോടതിയില്‍ നിന്നും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി.

2006 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ സംബന്ധിച്ച് ഹൈക്കോടതി വിചാരണ കോടതിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *