കുപ്പിയിൽ പെട്രോൾ നൽകിയില്ല; തൃത്താലയിൽ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദിച്ചു
കുപ്പിയിൽ പെട്രോൾ നൽകാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു.തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ ആഷിഫ് 28, ജീവനക്കാരനായ തൃത്താല കണ്ണന്നൂർ സ്വദേശി കൃഷ്ണപ്രസാദ് എന്നിവർക്കാണ് തലയ്ക്ക് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.
പെട്രോൾ പമ്പിൽ എത്തിയ രണ്ടുപേർ കുപ്പിയിൽ പെട്രോൾ വാങ്ങാൻ വന്നതായിരുന്നു. എന്നാൽ പമ്പുകളിൽ നിന്ന് കുപ്പിയിൽ പെട്രോൾ നൽകരുതെന്ന നിയമം വീണ്ടും കർശനമാക്കിയതിനാൽ കുപ്പിയിൽ പെട്രോൾ തരുവാൻ നിവൃത്തിയില്ലെന്ന് ജീവനക്കാർ മറുപടി നൽകി , ഇതിൽ പ്രകോപിതരാകുകയും, പിന്നീട് ഇടിവള ഉപയോഗിച്ച് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു.
പരിക്കേറ്റ ഇരുവരെയും പട്ടാമ്പിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമിച്ച രണ്ടുപേരും മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി ജീവനക്കാർ പറഞ്ഞു.തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്.