കൊല്ലം കടയ്ക്കലിൽ ലഹരിക്കടത്ത് സംഘത്തിന്റെ ആക്രമണം; എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തലക്കടിയേറ്റു
കൊല്ലം കടയ്ക്കലിൽ ലഹരിക്കടത്ത് സംഘം പൊലീസിനെ ആക്രമിച്ചു. എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തലക്കടിയേറ്റു. പ്രതികളെ പിന്നീട് സാഹസികമായി പൊലീസ് കീഴ്പ്പെടുത്തി.
ഇന്ന് പുലർച്ചെ നാലുമണിയ്ക്കാണ് കഞ്ചാവ് സംഘത്തെ പിടികൂടുന്നതിനിടെ കടയ്ക്കൽ എസ് ഐ ജോതിഷനും രണ്ട് പോലീസുകാർക്കും നേരെ അക്രമം ഉണ്ടാകുന്നത്.കടയ്ക്കൽ പാലക്കൽ സ്വദേശി ആനക്കുട്ടൻ എന്നറിയപ്പെടുന്ന സജുകുമാറിന്റെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടിയത്. തുടർന്ന് സജുവിനെ ചോദ്യം ചെയ്തതിൽ നിന്നും കടക്കൽ ഇളമ്പഴന്നൂർ സ്വദേശി നിഫിന്റെ പക്കൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ നിഫിന്റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് നിഫിനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിടെയാണ് അക്രമം ഉണ്ടായത്. കൈ വിലങ്ങ് കൊണ്ട് നിഫിൻ , എസ് ഐ ജോതിഷിനെയും പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ കമ്പുമായി നിഫിന്റെ ഭാര്യയും പോലീസിനെ ആക്രമിച്ചു.എന്നാൽ ആക്രമണത്തിനിടയിൽ നിഫിനെ വളരെ സാഹസികമായി കടക്കൽ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.
ആക്രമണത്തിൽ എസ്‌ഐയ്ക്ക് തലയ്ക്കും പോലീസുകാരനായ അഭിലാഷിനു കണ്ണിനു മുറിവേറ്റു. സിവിൽ പോലീസ് ഓഫീസറായ സജിന് കൈക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാർ കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസുകാരെ മർദിച്ചതിന് ചടയമംഗലം ചടയമംഗലം പോലീസ് നിഫിനെതിരെയും നിഫിന്റെ ഭാര്യക്കെതിരെയും കേസെടുത്തു. ആക്രമിച്ചു പരിക്കേൽപ്പിക്കൽ, ഡ്യൂട്ടിതടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്ക് എതിരെ കേസെടുത്തത്. പൊലീസ് പിടിയിലായ സജുകുമാർ ഒരു മാസം മുന്നേയാണ് കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്.