കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണു; കൈകൾ കൊണ്ട് മാന്തി പുറത്തെടുപ്പോഴേക്കും തൊഴിലാളി മരിച്ചു
കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രോഡക്ടിസിന്റെ പിൻവശത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. അപകടസമയത്ത് ചെറിയ മഴയും ഉണ്ടായിരുന്നു.
ഫാക്ടറി വളപ്പിന് പിൻവശത്ത് 25 അടിയോളം ഉയരമുള്ള മൺഭിത്തിയ്ക്ക് സംരക്ഷണഭിത്തി നിർമിക്കുകയായിരുന്നു രത്തൻ ഉൾപ്പെട്ട തൊഴിലാളികൾ. ഈ സമയത്താണ് അപകടം നടന്നത്. സംരക്ഷണ ഭിത്തിയുടെ ഭാഗമായ പില്ലറിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സം ഘം സ്ഥലത്തെത്തി.
മണ്ണിനടിയിൽ പെട്ട രത്തനെ കൈകൾ കൊണ്ട് മണ്ണ് മാറ്റിയാണ് പുറത്തെടുത്തത്. നാലടിയോളം മണ്ണ് രത്തന്റെ മുകളിൽ വീണിരുന്നു. സംഭവ സ്ഥലത്ത് തന്നെ രത്തൻ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.