Saturday, January 4, 2025
Kerala

ആതിരയുടെ മരണം; അരുണിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ്; ഒളിവിൽ കഴിയുന്നയിടം കണ്ടെത്താനാകാതെ അന്വേഷണ സംഘം; കോയമ്പത്തൂരിൽ ഒളിവിൽ തുടരുന്നത് പ്രാദേശിക സഹായത്തോടെയെന്ന് സൂചന

കോട്ടയം കടുത്തുരുത്തിയിൽ സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അരുൺ വിദ്യാധരനായുള്ള തെരച്ചിൽ തുടരുന്നു. ഇയാൾ കോയമ്പത്തൂരിൽ ഉള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അരുണിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താൻ ആവുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രാദേശിക സഹായത്തോടെയാണ് അരുൺ ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് കരുതുന്നത്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനാവാത്തതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമതിയാണ് അരുണിനെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.

അരുണിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആതിരയുടെ കുടുംബം ഉന്നയിക്കുന്നത്.അരുൺ വിദ്യാധരൻ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീ ഭർത്താവും മണിപ്പൂർ സബ് കളക്റുമായ ആശിഷ് ദാസ് പറഞ്ഞു. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു.

ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാൽ അരുണിന്റെ സ്വഭാവ വൈകൃതം കാരണം ആ ബന്ധം അവസാനിച്ചു. രണ്ട് വർഷം മുൻപ് ഇരുവരും പിരിഞ്ഞതാണ്. അതിന് ശേഷം ഇരുവരും തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നില്ല. ഈയടുത്ത് ആതിരയ്ക്ക് വിവാഹാലോചന വന്നതോടെയാണ് അരുൺ വീണ്ടും ഭീഷണിപ്പെടുത്തി തുടങ്ങിയതും സൈബർ ആക്രമണം നടത്തിയതും. പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലെന്നും ആശിഷ് പറഞ്ഞു.
ആതിരയുടെ മരണം കൊലപാതകത്തിന് തുല്യമായ മരണമാണെന്ന് ആശിഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരാതിരിക്കാൻ ശ്രമിക്കുമെന്നും ആശിഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *