‘മാലിന്യ സംസ്‌കരണം നേരിട്ട് പരിശോധിക്കണം’; ബ്രഹ്മപുരം തീപിടുത്തത്തില്‍ ഹൈക്കോടതി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണം നേരിട്ട് പരിശോധിക്കണമെന്ന് ഹൈക്കോടതി. അമിക്കസ് ക്യൂറിയെ ഉള്‍പ്പെടുത്തി പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്‌കരണം നേരിട്ട് പരിശോധിക്കണം. മാലിന്യ സംസ്‌കരണം പരിശോധിക്കാനും പരാതികള്‍ അറിയിക്കാനും പോര്‍ട്ടല്‍ തയാറാക്കിയിട്ടുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയില്‍ അറിയിച്ചു.
ബ്രഹ്മപുരം കേസില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, കൊച്ചി കോര്‍പറേഷനില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധി കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ കോര്‍പറേഷന്‍ കോടതിയില്‍ ഹാജരാക്കി. സംസ്ഥാനത്തൊട്ടാകെ മാലിന്യസംസ്‌കരണത്തിന് മാര്‍ഗരേഖ രൂപപ്പെടുത്താനായി കോടതി മൂന്ന് അമിക്കസ് ക്യൂരിമാരെയും നിയമിച്ചിട്ടുണ്ട്.