കണ്ണൂരിൽ കാറിന് തീപിടിച്ച സംഭവം; അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് റിപ്പോർട്ട്
കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ണൂർ ആർടിഒ. കാറിൽ എക്‌സ്ട്രാ ഫിറ്റിംങ്‌സുകൾ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്ന് നേരത്തെ തന്നെ പുക ഉയർന്നതായി ദൃക്‌സാക്ഷികളുടെ മൊഴിയുമുണ്ട്. എന്നാൽ ആശുപത്രിയിൽ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയെന്നാണ് റിപ്പോർട്ട്.
പെട്രോൾ ടാങ്കിന് തീപിടിക്കുന്നതിന് മുൻപ് ഫയർ ഫോഴ്‌സ് തീയണച്ചു. പെർഫ്യൂം, സാനിറ്റൈസർ പോലുള്ള വസ്തുക്കൾ തീപടരാൻ കാരണമായേക്കാം. വിശദ പരിശോധനക്ക് വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും ആർടിഒ ഉണ്ണികൃഷ്ണൻ അറിയിച്ചു.
കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കണ്ണൂർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ രാവിലെ 10.40 ഓടെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂർണ്ണ ഗർഭിണിയായ റീഷയെ പ്രസവവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ജില്ലാ ആശുപത്രിയിൽ എത്താൻ 100 മീറ്റർ മാത്രം അവശേഷിക്കവേയാണ് കാറിൽ തീ പടർന്നത്. പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന റീഷയുടെ അച്ഛൻ, അമ്മ, മാതൃസഹോദരി,മൂത്ത കുട്ടി എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻ സീറ്റിൽ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. ഫയർഫോഴ്‌സ് എത്തി തീയണച്ച് പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.