സംസ്ഥാനത്ത് 28 പോക്സോ കോടതികള്‍ കൂടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം സംസ്ഥാനത്ത് 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും.
14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമന രീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തികകള്‍ സൃഷ്ടിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റന്‍ഡന്റിന്റെ രണ്ട് തസ്തികകളും കരാര്‍ അടിസ്ഥാനത്തിലും സൃഷ്ടിക്കും.
കണ്ണൂര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ കെ. അജിത്ത്കുമാറിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.