എൻ സി പി ഇടതുമുന്നണിയിൽ തന്നെ തുടരും, പാലാ അടക്കം നാല് സീറ്റുകളിൽ മത്സരിക്കും: പ്രഫുൽ പട്ടേൽ
കേരളത്തിൽ എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരും. ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ വീട്ടിൽ നടന്ന ചർച്ചയ്ക്ക് ശേഷം മുതിർന്ന നേതാവ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. പാലാ അടക്കം നേരത്തെ മത്സരിച്ച നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പട്ടേൽ പറഞ്ഞു
തുടർ ചർച്ചകൾക്കായി പ്രഫുൽ പട്ടേലിനെയാണ് ശരദ് പവാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. പവാർ അടുത്ത് തന്നെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും. പവാറിന്റെ വീട്ടിൽ നടന്ന യോഗത്തിനിടെ അപ്രതീക്ഷിതമായി സീതാറാം യെച്ചൂരിയും എത്തിയിരുന്നു
പാലാ സീറ്റ് വിട്ടു കൊടുക്കാനാകില്ലെന്ന് എൻസിപി നേതാക്കൾ യെച്ചൂരിയെയും അറിയിച്ചിട്ടുണ്ട്. തോറ്റ പാർട്ടിക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് പവാർ യെച്ചൂരിയെ അറിയിച്ചത്. അതേസമയം പാലാ സീറ്റ് അനുവദിച്ചില്ലെങ്കിൽ വിജയസാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന നിലപാടും എൻ സി പി മുന്നോട്ടുവെച്ചതായി അറിയുന്നു.