കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ; സംസ്ഥാനവും സജ്ജമെന്ന് ആരോഗ്യമന്ത്രി
രാജ്യത്ത് കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. 15-18 വയസ്സുള്ളവർക്കാണ് ഇന്ന് മുതൽ വാക്‌സിൻ ലഭിക്കുക. ഏഴ് ലക്ഷത്തോളം കൗമാരക്കാരാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. കൊവിൻ പോർട്ടലിലെ രജിസ്‌ട്രേഷന് പുറമെ സ്‌പോട്ട് രജിസ്‌ട്രേഷനും നടത്താം.
കൊവാക്‌സിനാണ് കുട്ടികൾക്ക് നൽകുക. വാക്‌സിനേഷന് ശേഷം ഇവരെ പ്രത്യേകം നിരീക്ഷിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് മുന്നിൽ പിങ്ക് നിറത്തിലുളള ബോർഡ് ഉണ്ടാകും. മുതിർന്നവരുടേതിൽ നീല നിറത്തിലുള്ള ബോർഡ് ഉണ്ടാകും.
കൗമാരക്കാരുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പൂർണ സഹകരണത്തോടെയാണ് വാക്‌സിനേഷൻ. രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.