Thursday, January 9, 2025
Kerala

നെയ്യാറ്റിൻകരയിൽ വാങ്ങിയ ഭൂമി സർക്കാറിന് കൈമാറും; മുഖ്യമന്ത്രിയെ കാണുമെന്ന് ബോബി ചെമ്മണ്ണൂർ

നെയ്യാറ്റിൻകരയിലെ വിവാദഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ. വിവാദ ഭൂമി സർക്കാരിന് കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂർ തീരുമാനിച്ചിട്ടുള്ളത്. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു.

വസന്തയിൽ നിന്ന് വാങ്ങി ഭൂമി നൽകാനുള്ള നീക്കത്തെ നിരസിക്കുകയും സർക്കാർ ഭൂമി നൽകിയാൽ മാത്രമേ സ്വീകരിക്കുവെന്ന് മരിച്ച രാജന്റെ മക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്നലെയാണ് നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ 3.5 സെന്റ് ഭൂമി ബോബി ചെമ്മണൂർ വസന്തയിൽ നിന്നും വാങ്ങിയത്. കരാർ രേഖകളുമായി രാജന്റെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൾ സഹായം നിരസിച്ചത്.

വസന്തയ്ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലെന്നും വ്യാജരേഖകളാണ് വസന്തയുടെ കൈവശമുളളതെന്നുമാണ് രാജന്റെ മക്കളുടെ നിലപാട്. അതേ സമയം വസന്തക്ക് ഭൂമി വിൽക്കാൻ അവകാശമുണ്ടെന്നാണ് അവരുടെ അഭിഭാഷകൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *