മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറക്കരുത്; മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിന് കത്തയച്ചു
മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ ആശങ്കയുണ്ടെന്നും ഡാം ഷട്ടറുകൾ പകൽ മാത്രം തുറക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയത്തു. വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനയ്ക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൃത്യമായ മുന്നറിയിപ്പില്ലെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ന് പുലർച്ചെ നാലു മണിക്കാണ് ഷട്ടർ തുറന്നതെന്നും പറഞ്ഞു. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയെന്നുമുള്ള സ്ഥിരം നിലപാടും കത്തിൽ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്‌നാട് വെള്ളം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണന. കാലാവസ്ഥാ വ്യതിയാനംമൂലം സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിന്, അയല്‍ സംസ്ഥാനങ്ങളെന്ന നിലയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ന് പുലർച്ചെയും ഇതേ രീതിയിൽ തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടിരുന്നു. സെക്കൻഡിൽ 8000 ഘനയടിയിലധികം വെള്ളമാണ് രാത്രിയുടെ മറവിൽ തമിഴ്നാട് പെരിയാറിലേക്ക് ഒഴുക്കിയത്.