വെള്ളക്കെട്ട്; കൊച്ചിൻ കോർപ്പറേഷൻ മേയറെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചിൻ കോർപ്പറേഷൻ മേയറെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മേയര്‍ അനില്‍കുമാറിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഉപരോധിക്കുന്നത്. വെള്ളക്കെട്ട് വിഷയത്തിൽ പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. നഗരത്തിലെ വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിലായിരുന്നു. ഇതിനെതിരെ ഹൈക്കോടതി അടക്കം രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ഉപരോധം നടക്കുന്നത്.
കാനയിലേക്ക് ഹോട്ടൽ മാലിന്യങ്ങൾ തള്ളിയതിനാൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എംജി റോഡിലെ ഹോട്ടലുകൾ അടച്ചുപൂട്ടാൻ കോർപ്പറേഷൻ ഉത്തരവിട്ടിരുന്നു.
കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് ഹൈക്കോടതി കര്‍ശന നിർദേശം നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി. ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നായിരുന്നു നിര്‍ദേശം. ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാൻ ഇടപെടൽ നടത്തണം, ഇത്തരം നടപടി ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.