Monday, January 6, 2025
Kerala

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; പിന്നിൽ മുഖ്യമന്ത്രി: കെ സുധാകരൻ

 

കണ്ണൂര്‍: തനിക്കെതിരായ എല്ലാ ആരോപണങ്ങളും അടിസ്‌ഥാന രഹിതമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വിജിലന്‍സ് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജന്‍സികളോ അന്വേഷിക്കട്ടെ, ഐ വില്‍ ഫേസ് ഇറ്റ്. അത് എന്റെ കൂടി ആവശ്യമാണ്. എന്റെ പൊതുജീവിതത്തിനു മുന്നില്‍ പുകമറ ഉണ്ടാക്കി എന്നെ അതിനകത്ത് ഇട്ട് മൂടാതിരിക്കാന്‍ ഏക മാര്‍ഗം സത്യാവസ്‌ഥ പുറത്തുവരിക എന്നതാണ്. അതിനെ ഞാൻ സ്വാഗതം ചെയ്യുന്നു- സുധാകരന്‍ കണ്ണൂരിൽ പറഞ്ഞു.

“കേരളത്തിന്റെ മുഖ്യമന്ത്രി എത്ര പൊതുയോഗത്തില്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര കാലം ഞാന്‍ അംഗരക്ഷകരുടെ സംരക്ഷണയില്‍ ജീവിച്ചിട്ടുണ്ട്. ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ശ്രമിച്ച രാഷ്‌ട്രീയ പാര്‍ട്ടി അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ കേസുകളില്‍ പെടുത്താനാണ് ശ്രമിക്കുന്നത്. പക്ഷേ ഇതൊന്നും എന്റെ എന്നെ ഏശുന്ന വിഷയമല്ല. എന്റെ ജീവിതത്തില്‍ ഒരു കറുത്ത കുത്ത് ആര്‍ക്കും കണ്ടുപിടിക്കാനാവില്ല. ഏത് ആരോപണത്തെക്കുറിച്ചും ആരും അന്വേഷിച്ചോട്ടെ. അന്വേഷിച്ച് സത്യം സമൂഹത്തിന് മുന്നില്‍ കൊണ്ടുവരട്ടെ. അത് എനിക്കും കിട്ടുന്ന അവസരമാണ്”-സുധാകരന്‍ പറഞ്ഞു

വനം മന്ത്രിയായിരിക്കെ വ്യാപക അഴിമതി നടത്തിയെന്നാണ് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ ആരോപണം. മറയൂരിൽ നേരിട്ടെത്തി ഒരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നും പ്രശാന്ത് ബാബു പറയുന്നു. അനധികൃത സമ്പാദ്യം മുഴുവൻ ചെന്നൈയിലെ ചിട്ടിയിൽ നിക്ഷേപിച്ചുവെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നുണ്ട്.

ആരോപണങ്ങൾക്കെല്ലാം കൃത്യമായ തെളിവ് തന്റെ പക്കലുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു. കൈവശമുള്ള തെളിവുകളെല്ലാം വിജിലൻസിന് നൽകിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു അറിയിച്ചു. അതേസമയം, അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു.

സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. വിശദമായ അന്വേഷണത്തിന് അനുമതി തേടി സർക്കാരിന് വിജിലൻസ് റിപ്പോർട് നൽകി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കെ കരുണാകരൻ ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സംസ്‌ഥാന സർക്കാരിന് റിപ്പോർട് സമർപ്പിച്ചത്. കെ സുധാകരൻ എംപി ആയതുകൊണ്ട് തന്നെ കേസ് രജിസ്‌റ്റർ അന്വേഷണത്തിന് നിയമ തടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *