ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജന്മവാർഷികം
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ല എന്ന് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീനാണ്. സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു ആ ജീവിതം. ആ സത്യാന്വേഷണത്തിനാണ് 1948 ജനുവരി 30ന് നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തൻ അവസാനമിട്ടത്. ഗോഡ്‌സേയുടെ വെടിയുണ്ടകൾ ചെന്നുതറച്ചത് ഒരു ജനതയുടെ ആത്മാവിലായിരുന്നു.
സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. അഹിംസയായിരിക്കണം മനുഷ്യരുടെ വഴിയെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ആ രൂപം പോലെത്തന്നെ ലളിതമായിരുന്നു ആ ജീവിതവും. സത്യം, അഹിംസ, മതേതരത്വം… എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു.
വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ച ഗാന്ധിജിക്ക് ഒരേസമയം വിശ്വാസത്തെയും യുക്തിചിന്തയേയും ഉൾക്കൊള്ളാൻ ഒരു പ്രയാസവുമില്ലായിരുന്നു. ഒരു ആശയത്തോടും ഗാന്ധിജി മുഖം തിരിച്ചുനിന്നില്ല. സഹിഷ്ണുതയായിരുന്നു ഗാന്ധിജി. സമകാലിക ഇന്ത്യയിൽ ഗാന്ധിജിക്ക് ഓരോ ദിവസവും കൂടുതൽ, കൂടുതൽ വലിപ്പം വെയ്ക്കുന്നത് നമ്മളറിയുന്നുണ്ട്. ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ലെന്നും അത് തോൽവിയാണെന്നുമുള്ള ഗാന്ധിവചനം എന്നത്തെക്കാളും കൂടുതൽ പ്രസക്തമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്.