ബിജെപിയിലും ബന്ധുനിയമനം; രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ കെ സുരേന്ദ്രന്റെ മകനെ തസ്തികയുണ്ടാക്കി നിയമിച്ചു
ബിജെപിയിലും ബന്ധുനിയമനം. കെ സുരേന്ദ്രന്റെ മകനായ ഹരികൃഷ്ണൻ കെ.എസിന് രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാനദണ്ഡം മറികടന്നു നിയമനമെന്ന് ആരോപണം. പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയെന്നാണ് പരാതി. സയൻസ് വിഷയത്തിൽ അടിസ്ഥാന യോഗ്യത വേണ്ടതിന് ബിടെക് അടിസ്ഥാനമാക്കി ജോലി നൽകുന്നുവെന്നാണ് ആരോപണം.
ഹരികൃഷ്ണൻ കെ.എസിന് ജൂൺ മാസത്തിൽ ആർജിസിബി നിയമനം നൽകിയതായാണ് കണ്ടെത്തൽ. അടിസ്ഥാന ശമ്പളം ഉൾപ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവിൽ ലഭിക്കുന്നത്. ഹരികൃഷ്ണൻ കെ.എസിനെ നിലവിൽ വിദഗ്ധ പരിശീലനത്തിന് ഡൽഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം.
എന്നാൽ എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നാണ് ആർജിസിബിയുടെ വിശദീകരണം. പക്ഷേ നിയമനം നൽകേണ്ട വ്യക്തിയുടെ ജാതിക്കും യോഗ്യതയ്ക്കും അനുസരിച്ച് പുതിയ തസ്തിക ഉണ്ടാകുകയും ധൃതിപിടിച്ച് പരീക്ഷ പൂർത്തിയാക്കുകയും ചെയ്യുമ്പോൾ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ നടപടികളിൽ സംശയം ഉണ്ടാക്കുന്നുണ്ട്. ആരെ നിയമിച്ചെന്ന് മറ്റ് ഉദ്യോഗാർത്ഥികൾ അന്വേഷിക്കുമ്പോൾ മറുപടി നൽകാതെയിരിക്കുന്നതും സംശയം ഉണർത്തുന്നു.