Friday, April 18, 2025
Kerala

ഇത് നടിയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതി; സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. നടിയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ പ്രതികരിച്ചു.

സവാദിനു ജാമ്യം കിട്ടിയിട്ടില്ലെന്ന് അജിത് കുമാർ പറഞ്ഞു. നാളെ ജാമ്യം കിട്ടുമെന്ന് കരുതുന്നു. മജിസ്ട്രേറ്റ് ലീവാണ്. ജാമ്യം ലഭിച്ച് പുറത്തുവരുമ്പോൾ സവാദിനെ ഹാരമിട്ട് സ്വീകരിക്കും. ഇതൊരു വ്യാജ പരാതിയാണ് എന്നും അദ്ദേഹം പറഞ്ഞു.

“ആത്‌മഹത്യ മുന്നിൽ കണ്ടാണ് അദ്ദേഹം ജയിലിൽ നിന്നിറങ്ങുന്നത്. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് നാട്ടിൽ. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസൻ്റ് ഫാമിലിയാണ്. പുള്ളിക്കാരൻ ആകെ തകർന്ന് വല്ലാത്തൊരവസ്ഥയാണ്. ഞാനവിടെ കാണാൻ പോയിരുന്നു. നിരാശയാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാൽ ആള് എന്തും ചെയ്യാം. ആ മാനസികാവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഒരുപാട് അംഗങ്ങൾ വരും. ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യം.”- അജിത് കുമാർ പറയുന്നു.

ആദ്യ രണ്ട് ദിവസം താൻ ഇത് വിശ്വസിച്ചിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. അപ്പോൾ ഇതിലൊന്നും ഇടപെട്ടില്ല. പെൺകുട്ടി ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞിട്ടാണ് വരുന്നത്. അപ്പഴേ നമുക്ക് മനസിലായി, ഇത് ഫോളോവേഴ്സിനെ കൂട്ടാനുള്ള പരിപാടിയാണെന്ന്. അത് മാത്രമല്ല, മുൻ കാലങ്ങളിൽ ഈ പെൺകുട്ടി ഷഡ്ഡിയും ബ്രൈസറും മാത്രമിട്ട് ജനശ്രദ്ധ പിടിച്ചുപറ്റാനായി ഒരുപാട് ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സംഭവം നടന്നാൽ കൂളായി ചിരിച്ചുകളിച്ചുവന്നിരുന്ന് സംസാരിക്കാൻ ഒരു പെൺകുട്ടിക്കും പറ്റില്ല. തങ്ങൾ ഇതിലിടപെട്ട് ഡിജിപിക്ക് പരാതി കൊടുത്തതിനു ശേഷം പുള്ളിക്കാരി പുറത്തുവരാറില്ല എന്നും അജിത് കുമാർ പറഞ്ഞു.

“ഞങ്ങൾ ഇത് കള്ളക്കേസാണെന്ന് പറഞ്ഞ് ഡിജിപിക്ക് പരാതി കൊടുത്തു. അതിനു ശേഷം പുള്ളിക്കാരി അധികം പുറത്തുവരാറില്ല. ഒരുപാട് പേരെക്കൊണ്ട് പുള്ളിക്കാരി ഞങ്ങളെ തെറിവിളിപ്പിക്കുന്നുണ്ട്. ഞങ്ങൾക്കെതിരെ ഒരുപാട് ആക്രമണങ്ങൾ വരുന്നു. വധഭീഷണി കോളുകൾ പോലും വരുന്നുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് ഇത് വ്യാജ പരാതിയായതുകൊണ്ടാണ്. ജെനുവിനാണെങ്കിൽ ഇങ്ങനെ വിളിച്ച് സംസാരിക്കേണ്ട കാര്യമില്ല. പുള്ളിക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഞങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ കോടതിയിലും പോവുകയാണ്. അഡ്വ. ആളൂരാണ് ഈ കേസ് എടുത്തത്. ഓൾ കേരള മെൻസ് അസോസിയേഷൻ ലീഗൽ അഡ്വൈസറും അംബാസിഡറും ആയതുകൊണ്ടാണ് അദ്ദേഹം ഈ കേസെടുത്തത്. ഡിജിപിക്ക് കൊടുത്ത പരാതിയിൽ എറണാകുളം റൂറൽ എസ്പിക്ക് അന്വേഷണച്ചുമതല നൽകിയിരിക്കുകയാണ്.”- അജിത് കുമാർ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *