Friday, January 3, 2025
Kerala

ട്രോളിംഗ് നിരോധനം: ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജൂണ്‍ പത്ത് മുതല്‍ തുടങ്ങുന്ന ഇക്കൊല്ലത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രോളിംഗ് സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വിഴിഞ്ഞം തുറമുഖത്ത് സബ് കളക്ടര്‍ അശ്വതി ശ്രീനിവാസിനെയും മുതലപ്പൊഴിയില്‍ എ.ഡി.എം ജെ. അനില്‍ ജോസിനെയും നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചതായും കളക്ടര്‍ പറഞ്ഞു. ജൂലായ് 31 അര്‍ദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ട്രോളിംഗ് നിരോധനം മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്താന്‍ അനുവദിക്കില്ല. തീരപ്രദേശങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള തെരുവുവിളക്ക് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കും. ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പായി തീരപ്രദേശത്തെ ശുചീകരണവും പൂര്‍ത്തിയാക്കും. രാത്രിയിലെത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കും.

ട്രോളിംഗ് കാലയളവില്‍ പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് കൃത്യമായ ഇടവേളകളില്‍ യോഗം ചേരും. ഹാര്‍ബറുകളിലും പരിസരത്തുമുള്ള ലഹരി ഉപയോഗം കര്‍ശനമായി ഒഴിവാക്കുന്നതിന് നിരീക്ഷണം ശക്തമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സുരക്ഷക്കായി മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും പോലീസ് പട്രോളിങ് ശക്തിപെടുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും പ്രത്യേക നിരീക്ഷണവുമുണ്ടാകും.

വിഴിഞ്ഞം, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖങ്ങളില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ രക്ഷാ ദൗത്യത്തിനായി സജ്ജമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങണമെന്നും കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തീരപ്രദേശങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *