Monday, January 6, 2025
Kerala

പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ ഇകഴ്ത്തുന്നുവെന്ന് ആരോഗ്യമന്ത്രി; മരണനിരക്ക് കുറച്ചുകാണിക്കുന്നുവെന്ന് പ്രതിപക്ഷം

നിയമസഭയിൽ ആരോഗ്യമന്ത്രി വീണ ജോർജും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം. പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നുവെന്ന മന്ത്രിയുടെ പരാമർശത്തെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്

എം കെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് സംഭവം. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലേതെന്ന് വീണ ജോർജ് പറഞ്ഞു. നോട്ടീസിൽ പറയുന്ന കാര്യങ്ങൾ വാസ്തവമല്ല. സംസ്ഥാനത്തിന്റെ ചികിത്സാ സൗകര്യം വർധിപ്പിച്ച് രണ്ടാംതരംഗത്തെ നേരിടാനാണ് സർക്കാർ ശ്രമിച്ചത്. ഇത് വലിയ തോതിൽ വിജയം കണ്ടു

മരണകാരണം നിശ്ചയിക്കേണ്ടത് ഡോക്ടർമാരാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാർ മരണകാരണം നിശ്ചയിക്കുന്നതിലേക്ക് സംവിധാനം മാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മികച്ച പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. മരണനിരക്ക് കൃത്യമായി രേഖപ്പെടുത്തണം. പോസ്റ്റ് കൊവിഡ് മരണങ്ങൾ കൊവിഡ് മരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നില്ല. വാക്‌സിനേഷൻ കാര്യക്ഷമമല്ല. ഒന്നാം ഡോസ് വാക്‌സിനെടുത്ത തനിക്ക് രണ്ടാം ഡോസ് വാക്‌സിൻ എന്ന് ലഭിക്കുമെന്ന് പോലും അറിയില്ലെന്നും മുനീർ പറഞ്ഞു

എന്നാൽ ഏറെ പ്രശംസിക്കപ്പെട്ട സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. ഇതോടെ പ്രതിപക്ഷ ഭാഗത്ത് നിന്ന് ബഹളമുയർന്നു. പ്രൊഫഷണലായാണ് പ്രതിപക്ഷം കാര്യങ്ങൾ അവതരിപ്പിച്ചതെന്നും വാക്കൗട്ട് പോലും വേണ്ടെന്ന് തീരുമാനിച്ചാണ് പ്രതിപക്ഷം എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം കൂടെയുണ്ടാകുമെന്ന് വി ഡി സതീശനും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *