സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. വ്യാഴാഴ്ച്ച പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു നിരക്ക്. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് പവന് 920 രൂപ വര്‍ധിച്ചത് കാണാം.
മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് 1) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമാണ് (മാര്‍ച്ച് 31). ഫെബ്രുവരിയിലും 2,640 രൂപയുടെ വിലയിടിവ് പൊന്നിന് സംഭവിച്ചിരുന്നു.
വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റമുണ്ടായത് കാണാം. 1 ഗ്രാം വെള്ളിക്ക് 65 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 520 രൂപ.
എംസിഎക്സ് സ്വര്‍ണം
രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 45,404 രൂപയെന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്ന് പൊതു അവധി ആയതുകൊണ്ട് എംസിഎക്‌സില്‍ വ്യാപാരം നടക്കില്ല. കിലോയ്ക്ക് 65,040 രൂപയായിരുന്നു ഇന്നലെ വെള്ളിയുടെ നിരക്ക്. എന്തായാലും ഈ ആഴ്ച്ചയിലെ മുഴുവന്‍ ചിത്രം പരിശോധിച്ചാല്‍ എംസിഎക്‌സില്‍ സ്വര്‍ണം 300 രൂപയോളം മുന്നേറിയത് കാണാം.