ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എന്തിനാണ് ലോകായുക്തക്ക്; ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ സർക്കാർ
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ വിശദീകരണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഗവർണർ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാൻ ലോകായുക്തക്ക് കഴിയില്ല. 1986ലെ ബാലകൃഷ്ണപിള്ള-കെസി ചാണ്ടി കേസിലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു
ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നൽകുകയെന്ന് സർക്കാർ ചോദിക്കുന്നു. ഗവർണർ നിയമിച്ച ഒരു മന്ത്രിക്കെതിരെ റിട്ട് ഓഫ് ക്വോ വാറന്റോ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കോടതിക്ക് ഇല്ലാത്ത എന്ത് അധികാരമാണ് ലോകായുക്തക്ക് നൽകേണ്ടതെന്നും സർക്കാർ ചോദിക്കുന്നു
ഒരു പൊതു പ്രവർത്തകന്റെ സ്ഥാനം റിട്ട് ഓഫ് ക്വോ വാറന്റോ പുറപ്പെടുവിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നതിന് ഹൈക്കോടതിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഗവർണർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാർ വിശദീകരണം.