ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; 800 പേജുള്ള കുറ്റപത്രം തയ്യാര്‍; ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകത്തിന് മുന്‍പ് പ്രതി കുട്ടിയെ മദ്യം കുടിപ്പിച്ചിരുന്നതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം പോക്‌സോ കോടതിയിലാണ് 800 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിക്കുക. പത്തിലധികം വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആലുവ തായിക്കാട്ടുകരയില്‍ എട്ടുവര്‍ഷമായി താമസിക്കുന്ന ബിഹാറി ദമ്പതികളുടെ നാലുമക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന് അമ്മ ആലുവ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി അസഫാക് പിടിയിലാകുന്നത്.
കുട്ടിയെ വീട്ടില്‍ ആളില്ലാതിരുന്ന സമയം കൂട്ടിക്കൊണ്ടുപോയി പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ചുവയസുകാരി അതിക്രൂരമായി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. ആലുവ മാര്‍ക്കറ്റ് പരിസരത്തായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പീഡിപ്പിച്ച ശേഷം പ്രതി കുട്ടിയുടെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്.