Saturday, October 19, 2024
Kerala

സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നവംബര്‍ ഒന്ന് മുതല്‍; കൂടുതല്‍ പ്രയോജനങ്ങളുള്ള ഈ കാര്‍ഡിന് അപേക്ഷിക്കേണ്ടതിങ്ങനെ

തിരുവനന്തപുരം: സ്മാര്‍ട്ട് കാര്‍ഡ് വലിപ്പത്തിലുള്ള പുതിയ റേഷന്‍ കാര്‍ഡ് മന്ത്രി ജി.ആര്‍.അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. ആവശ്യമുള്ളവര്‍ക്ക് 25 രൂപയ്ക്ക് നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കും. താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ അപേക്ഷിക്കാം. മുന്‍ഗണനാ വിഭാഗത്തിന് സൗജന്യമായി കൊടുക്കുന്നത് ആലോചിക്കും.

ക്യൂ ആര്‍ കോഡ്, ബാര്‍കോ‌ഡ് എന്നിവയുണ്ട്. ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്തും പ്രതിമാസവരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടര്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുവശത്തുമാണ്.

കഴിഞ്ഞ ഫെബ്രുവരി 12ന് അന്നത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്ത ഇ– റേഷന്‍ കാര്‍ഡ് പരിഷ്കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡാക്കിയത്.

പ്രവര്‍ത്തനം

കടകളില്‍ ഇ–പോസ് മെഷീനൊപ്പം ക്യൂ ആര്‍ കോഡ് സ്കാനറും വയ്ക്കും. സ്കാന്‍ ചെയ്യുമ്പോള്‍ വിശദവിവരം സ്ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുമ്പോള്‍ വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കും.

കാര്‍ഡ് കിട്ടാന്‍

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാല്‍ കാര്‍ഡ് അപേക്ഷകന്റെ ലോഗിന്‍ പേജിലെത്തും. ഇതിന്റെ പ്രിന്റെടുത്ത് ഉപയോഗിക്കാം. അറിയിക്കുന്ന ദിവസം ഓഫീസിലെത്തി കാര്‍ഡ് കൈപ്പറ്റാം.

Leave a Reply

Your email address will not be published.