പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ: ഭർത്താവിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്‌തേക്കും
കണ്ണൂർ പയ്യന്നൂരിൽ ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. മരിച്ച സുനീഷയുടെ വീട്ടുകാരുടെ മൊഴി പോലീസ് ഇന്നലെ എടുത്തിരുന്നു. ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും പോലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. സുനീഷ സഹോദരന് അയച്ച ശബ്ദസന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു.
സുനീഷയുടെയും വിജീഷിന്റെയും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിക്കും. സുനീഷക്ക് ഭർതൃവീട്ടിൽ നിന്ന് സ്ഥിരമായി മർദനമേറ്റിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയാണ് ഒരു മാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീടുമായി ബന്ധപ്പെടാൻ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ എറിഞ്ഞു പൊട്ടിച്ചുവെന്നും സുനീഷയുടെ വല്യമ്മ ഇന്നലെ പറഞ്ഞിരുന്നു