Saturday, October 19, 2024
Kerala

എരഞ്ഞിപ്പാലം ഇഖ്റ- തണൽ സൈക്യാട്രിക് റിഹാബിലിറ്റേഷൻ സെൻ്റെർ ഇനി കൊവിഡ് ഹോസ്പിറ്റൽ

കോഴിക്കോട്: ഇഖ്റ ആശുപത്രിക്കു കീഴിൽ വർഷങ്ങളായി എരഞ്ഞിപ്പാലത്ത് പ്രവർത്തിച്ചുവരുന്ന ഇഖ്റ സൈക്യാട്രി കെയർ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ കഴിഞ്ഞ ആറു മാസം മുൻപ് തണൽ വടകരയുമായി സഹകരിച്ച് നവീകരിച്ചുവരികയായിരുന്നു. ഇതിനിടെ കോവിഡ് 19 മഹാമാരി ലോകത്ത് മുഴുവൻ വ്യാപിച്ച കൂട്ടത്തിൽ കേരളത്തിലും രോ​ഗം ഭീഷണിയായി ഉയർന്നുവന്നപ്പോൾ രോ​ഗികളെ പരിചരിക്കാൻ സർക്കാർ സംവിധാനങ്ങൾ തികയാതെ വരുമെന്ന സാഹചര്യം മുന്നിൽക്കണ്ട് ജില്ലാ ഭരണകൂടത്തിൻെറ ആഭ്യർത്ഥന മാനിച്ച് ഇത് ഒരു കോവിഡ് ഹോസ്പിറ്റലാക്കി മാറ്റുവാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ഇതേതുടർന്ന് നവീകരണ പ്രവർത്തികൾ ദ്രുത​ഗതിയിൽ പൂർത്തിയാക്കി 100 ബെഡുകളുള്ള ഒരു സമ്പൂർണ്ണ സജ്ജമായ കോവിഡ് ഹോസ്പിറ്റലാക്കി ഇതിനെ മാറ്റി സർക്കാറിന് കൈമാറി.

പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ ഇഖ്റ ഹോസ്പിറ്റലിൻെറ കീഴിൽ സർക്കാറുമായി കൈകോർത്തുകൊണ്ടാണ് ഈ സംവിധാനം യാഥാർത്ഥ്യമാവുന്നത്. 20000ലധികം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കെട്ടിടത്തിൽ ഡബ്ൾ റൂമുകൾ, ജനറൽ വാർഡുകൾ, ഐ.സി.യു, എച്ച്.ഡി.യു എന്നിങ്ങനെ നൂറ് ബെഡ്ഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 11 ബെഡ്ഡുള്ള ഐ.സി.യു, വെന്റിലേറ്ററുകൾ, ഐ.സി.യു കിടക്കകൾ, മൾട്ടിപാരാ മോണിറ്ററുകൾ, മറ്റ് തീവ്രപരിചരണ ഉപകരണങ്ങൾ എന്നിവയാൽ സജ്ജമാണ് ആശുപത്രി.

17 ബെഡ്ഡുകളുള്ള ഹൈ ഡിപന്റൻസി യൂണിറ്റ് അഥവാ സെമി ഐ.സി.യു, ഓക്സിജൻ പോർട്ടുകൾ. റിമോർട്ട് മോണിറ്ററിം​ഗ് സിസ്റ്റം (24 മണിക്കൂറും) മറ്റ് ഉപകരണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു. ഇതുകൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, എക്സ് റേ, അൾട്രാ സൗണ്ട്, ഫാർമസി എന്നിവയും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

ആശുപത്രിക്കാവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിച്ചിരിക്കുന്നത് ഇഖ്റ ഹോസ്പിറ്റലാണ്. ആശുപത്രിയുടെ മറ്റ് ദൈനംദിന പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ ഇഖ്റ ആശുപത്രിയാണ് നടത്തുക.

ഈ ആശുപത്രിയിലേക്കുള്ള രോ​ഗികളെ അഡ്മിറ്റ് ചെയ്യുന്നത് കോഴിക്കോട് മെഡിക്കൽ കോളജ് മുഖേനയായിരിക്കും. കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതി (KASP) അം​ഗങ്ങളായ രോ​ഗികൾക്ക് ഇവിടെ സൗജന്യ ചികിത്സ ലഭ്യമായിരിക്കും

Leave a Reply

Your email address will not be published.