നടിയെ അക്രമിച്ച കേസ്:അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കില്ലെങ്കിൽ പ്രോസിക്യൂഷന് ദോഷകരമാകുമെന്നാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയായി കണക്കാക്കേണ്ടിവരുമെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് പരാമർശിച്ചു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നോയെന്നറിയാൻ കോടതിയുടെ പക്കലുളള മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജിയിൽ കക്ഷി ചേർന്ന എട്ടാം പ്രതി നടൻ ദിലീപും വിചാരണ അനന്തമായി നീളാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും ആക്രമിക്കപ്പെട്ട നടിയും നിലപാടെടുത്തു. വാദം പൂർത്തിയാക്കിയ കോടതി ഹർജി വിധി പറയാനായി മാറ്റി.