ഹോംഗാർഡിനെ ഇരുമ്പ് വടികൊണ്ടടിച്ച് പരിക്കേൽപ്പിച്ച് ഐഎഎസ് ഉദ്യോഗസ്ഥ, ശക്തമായ പ്രതിഷേധം
പട്ന: വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഇരുമ്പ് ദണ്ഡുപയോഗിച്ച് മർദ്ദച്ചിനെ തുടർന്ന് ഹോംഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ സരണിലാണ് സംഭവം. വീട്ടിൽ ഡ്യൂട്ടിക്ക് നിയോഗിച്ച ഹോംഗാർഡ് പുറത്ത് ജോലി ചെയ്യാൻ വിസ്സമ്മതിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥ ക്രൂരമായി മർദ്ദിച്ചത്. സരണിൽ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറായ പ്രിയങ്ക റാണിയാണ് ഹോം ഗാർഡ് അശോക് കുമാർ സാഹിനെ മർദ്ദിച്ചത്. ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പണിമുടക്കുമെന്ന് ബീഹാർ ഹോം ഗാർഡ്സ് വോളണ്ടിയർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. സംഭവം ബിഹാറിൽഡ വലിയ രീതിയിൽ ചർച്ചയായി. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഉദ്യോഗസ്ഥ വിശദീകരിച്ചു. പരിക്കേറ്റ ജവാൻ അശോക് കുമാർ സാഹ് ഒന്നിലധികം പരിക്കുകളോടെ ഛപ്ര സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിൽ സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ സർക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു. മൊബൈൽ ഫോൺ വീണ്ടെടുക്കാൻ റിസർവോയറിൽ നിന്ന് 41 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥനെതിരെ ഛത്തീസ്ഗഡ് സർക്കാർ 53,092 രൂപ പിഴ ചുമത്തി. കാങ്കർ ജില്ലയിലെ പഖൻജോർ മേഖലയിൽ ഫുഡ് ഇൻസ്‌പെക്ടർ രാജേഷ് ബിശ്വാസിനാണ് ജലവിഭവ വകുപ്പ് പിഴ ചുമത്തിയത്.
മൂന്ന് ദിവസമെടുത്ത് 15 അടി താഴ്ചയുള്ള വെള്ളമാണ് 30 എച്ച് പി കൂറ്റൻ പമ്പ് ഉപയോഗിച്ച് ഇയാൾ വറ്റിച്ചത്. ഏകദേശം 1500 ഏക്കർ ജലസേചനത്തിനുപയോഗിക്കാവുന്ന 21 ലക്ഷം ലിറ്റർ വെള്ളം ഇയാൾ പാഴാക്കി. സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയും കൂട്ടുനിന്ന മറ്റൊരു ഉദ്യോഗസ്ഥന്‍റെ ശമ്പളം പിടിച്ചുവെക്കുകയും ചെയ്തിരുന്നു. വെള്ളം ഉപയോഗയോഗ്യമല്ലെന്ന് മേലുദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് വറ്റിച്ചതെന്നാണ് ഇയാളുടെ വിശദീകരണം.