കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും; മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി
45 വയസ്സിന് മുകളിൽ പ്രായമായ കിടപ്പു രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും. ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇവരുടെ വാക്‌സിനേഷൻ പ്രക്രിയ ഏകീകൃതമാക്കാനാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്.
45 വയസ്സിന് താഴെ പ്രായമുള്ള കിടപ്പുരോഗികളെ വാക്‌സിനേഷന്റെ മുൻഗണനാ പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഓരോ ആരോഗ്യസ്ഥാപനത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പു രോഗികളുടെയും പട്ടിക തയ്യാറാക്കും. ഇവർ വാക്‌സിനേഷന് തയ്യാറാണോയെന്ന് അറിയുകയും രോഗിയിൽ നിന്ന് സമ്മതം വാങ്ങുകയും ചെയ്യും. തുടർന്നാകും വാക്‌സിൻ നൽകുക.