കുടിശിക ഒന്നരക്കോടി; തിരുവനന്തപുരത്തെ പൊലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി
തിരുവനന്തപുരത്ത് പൊലീസ് പമ്പിലെ ഇന്ധനവിതരണം നിർത്തിവച്ചു. ഇന്ധന കമ്പനികൾക്കു നൽകേണ്ട കുടിശിക വർധിച്ചതാണ് പ്രതിസന്ധിക്കു കാരണം. സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് ഡി.ജി.പിയുടെ നിർദേശം.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പൊലീസ് വാഹനങ്ങളും ഇന്ധനം അടിക്കുന്നത് പേരൂർക്കട SAP ക്യാമ്പിലെ പമ്പിൽ നിന്നാണ്. എന്നാൽ ഇന്ധന കമ്പനിക്ക് നൽകേണ്ട കുടിശിക ഒന്നരക്കോടി പിന്നിട്ടതോടെ കമ്പനികൾ വിതരണം നിർത്തി. ഇതാണ് പ്രതിസന്ധിക്കു കാരണം. പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാതെയായി. സ്വകാര്യ വാഹനങ്ങൾക്ക് ഈ പമ്പിൽ നിന്ന് ഇന്ധനം നൽകുന്നുണ്ട്.
താത്കാലികമായി സ്വകാര്യ പാമ്പുകളിൽ നിന്ന് പൊലീസ് വാഹനങ്ങൾ ഇന്ധനം നിറയ്ക്കണമെന്നാണ് പൊലീസ് മേധാവിയുടെ സർക്കുലർ. സ്റ്റേഷനുകൾ സ്വന്തം ചിലവിൽ ഇന്ധനം അടിക്കേണ്ടി വന്നതോടെ വാഹന ഉപയോഗം കുറയ്ക്കുക അല്ലാതെ മറ്റു വഴിയില്ലാതെയായി. ഇത് ക്രമസമാധാനപാലനത്തേയും, കേസന്വേഷണങ്ങളെയും ബാധിക്കും.
പെട്രോളിൻ്റെയും ഡീസലിൻ്റെയും മൊത്ത വില സംബന്ധിച്ച ആശയക്കുഴപ്പമാണ് ഇന്ധന കമ്പനികൾ വിതരണം നിർത്താൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്നും വിശദീകരിക്കുന്നു.