വ്യാജസന്ദേശങ്ങളും ശബ്ദാനുകരണങ്ങളും പ്രചരിപ്പിക്കുന്നു; ജനവിധി വികസനവിരോധികൾക്കുള്ള തിരിച്ചടിയായിരിക്കുമെന്ന് മുഖ്യമന്ത്രി
എൽഡിഎഫ് സർക്കാരിനെതിരെ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാൻ ഉന്നയിച്ചവർക്ക് സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ ഫലിക്കാതാകുമ്പോൾ അവസാനത്തെ അടിയറവാണ് അപവാദപ്രചാരണം. പല ആയുധങ്ങളും അണിയറയിൽ തയ്യാറാകുന്നുണ്ട്
വ്യാജസന്ദേശങ്ങൾ, കൃത്രിമരേഖകളുടെ പകർപ്പുകൾ, ശബ്ദാനുകരണ സംഭാഷണങ്ങൾ എന്നിവ ഇപ്പോൾ തന്നെ പ്രചരിപ്പിക്കുന്നു. സംഘ്പരിവാറിന്റെ കൈപിടിച്ച് കേന്ദ്ര ഏജൻസികളുടെ അകമ്പടിയോടെ കേരളത്തിലെ എൽഡിഎഫിനെ തകർക്കാനിറങ്ങിയ യുഡിഎഫിന് കേരളാ രാഷ്ട്രീയത്തിൽ തന്നെ റോൾ ഇല്ലാതാകും.
കേരള സർക്കാരിന്റെ വികസനം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് കിഫ്ബിക്കെതിരെ ഒന്നിന് പുറകെ ഒന്നായി അന്വേഷണ ഏജൻസികളെ ഇറക്കുന്നത്. ഏറ്റവുമൊടുവിൽ ആദായനികുതി വകുപ്പിനെയാണ് ഇറക്കിയത്. നാട്ടിലെ സ്‌കൂളുകൾ, റോഡുകൾ, ആശുപത്രികൾ, പാലങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസനത്തെ തടയുന്ന വികസന വിരോധികൾക്കുള്ള കൃത്യമായ മറുപടിയായിരിക്കും ജനവധി
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് രണ്ട് വംശഹത്യകളാണ് നടന്നത്. 1984ൽ സിക്കുകാരെ കൂട്ടക്കൊല ചെയ്ത സംഭവം. അത് കോൺഗ്രസ് നേതൃത്വത്തിലായിരുന്നു. 2002ൽ ഗുജറാത്തിൽ മുസ്ലിങ്ങളെ കൊന്നൊടുക്കിയത് സംഘ്പരിവാറിന്റെ നേതൃത്വത്തിലായിരുന്നു. ഇത്തരമൊരു പാരമ്പര്യത്തിൽ നിന്ന് അവരിപ്പോഴും മുക്തരായിട്ടില്ല. അങ്ങനെയുള്ളവർ കേരളത്തിൽ വന്ന് ആക്രമണത്തെ കുറിച്ച് പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു