ഇ പോസ് സംവിധാനം പണിമുടക്കി; സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയിൽ
തുടർച്ചയായി ഇ പോസ് സംവിധാനം പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയിലായി. മണിക്കൂറുകൾ കാത്തിരുന്നിട്ടും നിരവധി പേരാണ് റേഷൻ വാങ്ങാനാകാതെ തിരികെപോയത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനാവത്തതോടെ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഈ മാസം നാല് വരെ നീട്ടി.
മാസാവസാനമായ ഇന്നലെ മിക്ക റേഷൻ കടകളിലും കണ്ടത് നീണ്ട നിരയാണ്. എന്നാൽ കൂടുതൽ പേരും മടങ്ങിയത് വെറും കൈയ്യോടെ. സെർവർ തകരാറിലായതോടെ മിഷനിൽ കൈവിരൽ പതിക്കുന്നത് പരാചയപ്പെടുകയാണ്. ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ചിലർക്ക് ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അത് പ്രയോജനപ്പെടുത്തി അരി വാങ്ങാനാകും. അതേസമയം കൂടുതൽ പേർക്കും മറിച്ചാണ് സ്ഥിതി.
ഇ പോസ് മെഷീനുകൾ സമയ ബന്ധിതമായി സർവീസ് നടത്താത്തത് പ്രതിസന്ധിക്ക് കാരണമായി. സങ്കേതിക തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്. കൂടാതെ പ്രധാനമന്ത്രി അന്നയോജന പദ്ധതി പ്രകാരം ലഭിച്ച ടൺ കണക്കിന് അരി വിതരണം ചെയ്യാനാകാതെ കെട്ടികിടക്കുന്നതും വിതരണക്കാരെ പ്രതിസന്ധിയിലാക്കുന്നു.