Saturday, October 19, 2024
Kerala

നിഥിന മോളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; രക്‌തം വാർന്ന് മരണം

 

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പെൺകുട്ടിയുടെ കഴുത്തിലേറ്റ മുറിവ് ആഴവും വീതിയുമേറിയതാണെന്ന് ആണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. രക്‌തധമനികൾ മുറിഞ്ഞുപോയിരുന്നു. രക്‌തം വാർന്നതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

പോസ്‌റ്റുമോർട്ടത്തിന് ശേഷം നിഥിനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചക്ക് രണ്ട് മണിയോട് കൂടി നിഥിനയുടെ അമ്മാവന്റെ തുറവക്കുന്നിലുള്ള വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

ഇന്ന് രാവിലെ 8.45ഓടെയാണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോസ്‌റ്റുമോർട്ടം നടത്തിയത്.

അതേസമയം, പ്രതി അഭിഷേഖിനെ ഒരു ദിവസത്തെ കസ്‌റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്‌ഥനായ പാലാ സിഐയുടെ നേതൃത്വത്തിൽ അഭിഷേഖിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഇന്ന് ഹാജരാക്കും. ആസൂത്രിതമായ കൊലപാതകമായിരുന്നു നിഥിനയുടേത് എന്ന സൂചന പ്രതിയുടെ മൊഴിയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

നിഥിനയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബ്‌ളേഡ്‌ ഒരാഴ്‌ച മുൻപ് വാങ്ങിയതാണെന്ന് അഭിഷേഖ് പോലീസിനോട് സമ്മതിച്ചിരുന്നു. പേപ്പർ കട്ടറിലെ പഴയ ബ്‌ളേഡ്‌ മാറ്റി പുതിയതിട്ടാണ് അഭിഷേഖ് എത്തിയത്. നേരത്തെ നിഥിനയുടെ അമ്മയ്‌ക്കടക്കം ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.

ബ്‌ളേഡ് വാങ്ങിയ കടയിലും കോളേജിലും അഭിഷേഖിനെ എത്തിച്ച് ഇന്ന് തന്നെ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.