അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ജാമ്യമില്ല; ദിലീപിന് മുന്നറിയിപ്പുമായി ഹൈക്കോടതി
നടൻ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണ സംഘം പരിശോധിക്കുന്നു. ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷൻ ആരോപണത്തെ തുടർന്നാണ് രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കിയ ഫോണുകൾ പരിശോധിക്കാൻ അന്വേഷണ സംഘത്തോട് കോടതി നിർദേശിച്ചത്. പരിശോധനക്ക് ശേഷം വീണ്ടും വാദം തുടരും
അന്വേഷണവുമായി പൂർണമായി ദിലീപും സംഘവും സഹകരിച്ചാൽ മാത്രമേ ജാമ്യത്തിന് അർഹതയുണ്ടാകൂവെന്ന് കോടതി പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാമെന്ന് നിങ്ങൾ കോടതിയിൽ നിലപാട് എടുത്തതിനാലാണ് ഇത്രയും സമയം നിങ്ങൾക്ക് അനുവദിച്ചതും കസ്റ്റഡിയിൽ വിടാതെ പകരം മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരായാൽ മതിയെന്ന് നിർദേശിച്ചതും. പ്രോസിക്യൂഷൻ ആരോപിക്കുന്ന പോലെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെങ്കിൽ ജാമ്യം നൽകാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ദിലീപ് ഹാജരാക്കിയ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷം വാദം തുടരാമെന്നും കോടതി വ്യക്തമാക്കി. പ്രതിഭാഗം അഭിഭാഷകരും രജിസ്ട്രാർ ജനറലിന്റെ ഓഫീസിൽ എത്തിയിട്ടുണ്ട്.