ഛായാഗ്രഹകനും സംവിധായകനുമായ പി എസ് നിവാസ് അന്തരിച്ചു
ഛായാഗ്രഹകനും സംവിധായകനുമായ പി എസ് നിവാസ്( പി ശ്രീനിവാസ്) അന്തരിച്ചു. മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപപത്രിയിൽ ചികിത്സയിലായിരുന്നു
1977ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയപുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു. കോഴിക്കോട് നടക്കാവ് പനയംപറമ്പിലാണ് സ്വദേശം. നിലവിൽ കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് താമസം. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സത്യത്തിന്റെ നിഴൽ ആണ് ആദ്യ ചിത്രം.
കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്‌നം എന്നീ ചിത്രങ്ങളിൽ ഓപറേറ്റീവ് ക്യാമറമാനായിരുന്നു. മലയാളത്തിൽ സത്യത്തിന്റെ നിഴലിൽ, മധുരം, തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, ലിസ, സർപ്പം എന്നിവയാണ് പ്രധാന ചിത്രങ്ങൾ
തമിഴിൽ പതിനാറു വയതിനിലെ, കിഴക്കേ പോകും റെയിൽ, സികപ്പു റോജാക്കൾ, ഇളമൈ ഊഞ്ചൽ ആടുകിറത്, സെവന്തി തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായി.