‘പുതുമോടിയോടെ പുത്തരിക്കണ്ടം’ നവീകരിച്ച പുത്തരിക്കണ്ടം മൈതാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
പുത്തരിക്കണ്ടം മൈതാനം പുതുവർഷത്തിൽ പൊതുജനങ്ങളെ കാത്തിരിക്കുന്നത് പുതിയ മുഖവുമായിട്ടാണ്. നവീകരിച്ച പുത്തരിക്കണ്ടം മൈതാനം മന്ത്രി പി.എ മുഹമ്മദ് റിയാസ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. വ്യായാമം ചെയ്യാനുള്ള സ്ഥലം, കുട്ടികളുടെ കളിസ്ഥലം, ആർട്ട് ഗ്യാലറി അടക്കം വിപുലമായ സംവിധാനങ്ങളാണ് പുത്തരിക്കണ്ടം മൈതാനത്തുള്ളത്.
നഗരഹൃദയത്തിലെ എട്ടരയേക്കർ സ്ഥലം 12 കോടിയോളം രൂപ മുടക്കി നവീകരിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൈതാനത്തിന്റെ നവീകരണം. 500 പേർക്കിരിക്കാവുന്ന രണ്ട് ഓപ്പൺ എയർ തിയേറ്ററടക്കം മൈതാനത്ത് തയ്യാറാക്കിയിട്ടുണ്ട്. നടക്കാനും സൈക്ലിങ്ങിനും പ്രത്യേകമായി സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ഓപ്പൺ ജിം, കുട്ടികളുടെ കളിസ്ഥലം, യോഗ ചെയ്യാനുള്ള സ്ഥലം, ആർട്ട് ഗ്യാലറി, കഫറ്റീരിയ തുടങ്ങിയവയും മൈതാനത്തുണ്ട്.
ചെറുകിട കച്ചവടവും മൈതാനത്ത് സജ്ജീകരിച്ചിട്ടുണ്ട്. വഴിയോര കച്ചവടക്കാരുടെ ഉന്നമനത്തിനൊപ്പം വിനോദസഞ്ചാര മേഖലയുടെ വികസനവും സർക്കാർ ലക്ഷ്യംവെക്കുന്നു. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.