നാളെ ലോക ഹൃദയ ദിനം: ഹൃദയാരോഗ്യം ഉറപ്പ് വരുത്തുക ലക്ഷ്യം
ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആകെ 25,27,33 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 18.42 ശതമാനം പേര്‍ (4,65,722) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.
10.63 ശതമാനം പേര്‍ക്ക് (2,68,751) രക്താതിമര്‍ദ്ദവും, 8.52 ശതമാനം പേര്‍ക്ക് (2,15,450) പ്രമേഹവും, 3.82 ശതമാനം പേര്‍ക്ക് (96,682) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29-ാം തീയതിയാണ് ലോക ഹൃദയ ദിനമായി ആചരിക്കപ്പെടുന്നത്. ‘എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലു ള്ളവര്‍ക്കും എല്ലാ പ്രദേശങ്ങളിലുള്ളവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ ആഹ്വാനം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
ഏറെ ചെലവേറിയ ഹൃദയാരോഗ്യ ചികിത്സ എല്ലാവര്‍ക്കും പ്രാപ്യമാകും വിധമാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ച് വരുന്നത്. സ്വകാര്യമേഖലയിലും മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചികൊണ്ടിരുന്ന ഹൃദയ രോഗ ചികിത്സ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നല്‍കുന്നതിനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ച് വരുന്നത്. പ്രാഥമിക തലത്തില്‍ തന്നെ ഹൃദ്രോഗം കണ്ടെത്തുന്നതിന് ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിവരുന്നു. ദ്വിതീയ തലത്തില്‍ ഹൃദയാഘാതം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിന് താലൂക്ക് ആശുപത്രികളില്‍ ട്രോപ്പ് ടി അനലൈസര്‍ വാങ്ങി നല്‍കിയിട്ടുണ്ട്.
13 ജില്ലകളില്‍ കാത്ത് ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതില്‍ 3 ജില്ലകളില്‍ ഉടന്‍തന്നെ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളിലും കാത്ത് ലാബ് ചികിത്സ ലഭ്യമാണ്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ശിശുഹൃദയ വിഭാഗം സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാഘോഷ പരിപാടി സെപ്റ്റംബര്‍ 29ന് രാവിലെ 9 മണിക്ക് മെഡിക്കല്‍ കോളേജ് സി.ഡി.സി. ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പാളയം മഹാത്മാ അയ്യന്‍കാളി ഹാളില്‍ വച്ച് സെപ്റ്റംബര്‍ 29ന് രാവിലെ 10 മണിക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.