കുട്ടികളിൽ വ്യാപകമാകുന്ന തക്കാളിപ്പനി; എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം…
കേരളത്തിൽ നൂറോളം പേർക്കാണ് തക്കാളിപ്പനി റിപ്പോർട് ചെയ്തിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളിലും തക്കാളിപ്പനി പിടിപെടുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം പുറത്തിറക്കിയത്. ഒരുവയസ്സിനും പത്തുവയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പിടിപെടുന്ന തക്കാളിപ്പനിക്ക് സാർസ് കോവ്-2 വൈറസ്, മങ്കിപോക്സ്, ഡെങ്കി, ചിക്കുൻഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. എന്തൊക്കെയാണ് തക്കാളിപ്പനിയുടെ നിർദ്ദേശങ്ങൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.
മറ്റു വൈറൽ രോഗങ്ങളിൽ കാണുന്ന പനി, ക്ഷീണം, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങൾ തക്കാളി-പ്പനിയിലും കാണാം. പൊതുവെ കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നത്. കുട്ടികളിൽ പാദത്തിലും കൈവെള്ളയിലും വായിലും ചുണ്ടിലുമെല്ലാം പിടിപെടുന്ന ഒരു വൈറസ് രോഗമാണിത്. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയും രോഗലക്ഷണമാണ്. ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് എന്ന ഈ രോഗം തക്കാളിപ്പനിയെന്നാണ് അറിയപ്പെടുന്നത്. അപൂർവമായാണ് ഈ രോഗം മുതിർന്നവരിൽ കണ്ടുവരുന്നത്.
ശരീരശുചിത്വവും വൃത്തിയുമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗ്ഗം. രോഗബാധിതരിൽ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ രോഗലക്ഷണം കണ്ടുതുടങ്ങിയാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ അഞ്ചുമുതൽ ഏഴുദിവസത്തോളം ഐസൊലേഷനിലിരിക്കാനും ജാഗ്രത നിർദ്ദേശത്തിൽ പറയുന്നുണ്ട്. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കുക. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും ചികിൽസിച്ച് ഭേദമാക്കാം. പിന്നീടുള്ള ചികിത്സ രോഗ ലക്ഷണങ്ങൾക്കനുസരിച്ചാണ്.