കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റാവേശം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20ക്ക് കാര്യവട്ടം വേദിയാവും
തിരുവനന്തപുരം: ഏറെ നാളത്തെ ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പോരാട്ടത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമാണ് വേദിയാവുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 20നാണ് മത്സരം. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്നതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം. ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനാണ് കാര്യവട്ടം വേദിയാവുന്നത്. ആദ്യ മത്സരം കട്ടക്കിലും രണ്ടാം മത്സരം വിശാഖപട്ടണത്തിലുമാവും നടക്കുക.
യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ശ്രീലങ്ക, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളും ഇന്ത്യന്‍ പര്യടനത്തിനെത്തുന്നുണ്ട്. ഇതിന്റെ ഫിക്‌സ്ചറുകള്‍ ബിസിസി ഐ പുറത്തുവിട്ടിട്ടുണ്ട്. ടി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമാണ് ആദ്യം ഇന്ത്യയിലേക്കെത്തുന്നത്. നവംബര്‍ 17 മുതല്‍ ഡിസംബര്‍ രണ്ട് വരെ നീളുന്ന പരമ്പരയില്‍ മൂന്ന് ടി20യും അത്ര തന്നെ ടെസ്റ്റ് മത്സരവും ഉള്‍പ്പെടും. ഫെബ്രുവരി 1-20 വരെയാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഉണ്ടാവുക. ഫെബ്രുവരി 25ന് ശ്രീലങ്കയുമായുള്ള പരമ്പര ആരംഭിക്കും. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് പരമ്പരയിലുള്ളത്. ജൂണ്‍ 9 മുതല്‍ 19 വരെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പരയും ഇന്ത്യ കളിക്കും.
ടി20 ലോകകപ്പിന് ശേഷവും തിരക്കേറിയ മത്സരക്രമം തന്നെയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര മത്സരമെത്തുന്നത് കേരളത്തിനും വളരെ ഗുണം ചെയതേക്കും. ഇതുവരെ ഒരു ഏകദിനവും രണ്ട് ടി20യും ഉള്‍പ്പെടെ മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഇതില്‍ ഒരു ഏകദിനവും ടി20യും വെസ്റ്റ് ഇന്‍ഡീസിനെതിരേ തന്നെയാണ് ഇന്ത്യ കളിച്ചത്. 2019 ഡിസംബര്‍ എട്ടിന് നടന്ന ടി20 മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയെ തോല്‍പ്പിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനായി. ഇന്ത്യയുടെ 171 റണ്‍സ് വിജയലക്ഷ്യത്തെ ഒമ്പത് പന്തുകള്‍ ബാക്കിനിര്‍ത്തി സന്ദര്‍ശകര്‍ മറികടക്കുകയായിരുന്നു. 2018ല്‍ നടന്ന ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ ഒമ്പത് വിക്കറ്റിന് തകര്‍ത്തപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഒരു ടി20യില്‍ ആറ് റണ്‍സിന്റെ ജയവും ഇന്ത്യ നേടിയിരുന്നു.
ന്യൂസീലന്‍ഡിനെതിരായ ടി20 മത്സരത്തിനിടെ ശക്തമായ മഴ പെയ്ത് മത്സരം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ചുരുങ്ങിയ സമയം കൊണ്ട് ഗ്രൗണ്ടിലെ വെള്ളം നീക്കി മത്സരം നടത്തിക്കാന്‍ കാര്യവട്ടത്ത് ഗ്രൗണ്ട് സ്റ്റാഫിന് അന്ന് സാധിച്ചിരുന്നു. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലിയും ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനുമടക്കമുള്ളവര്‍ അന്ന് കാര്യവട്ടത്തെ ഗ്രൗണ്ട് സ്റ്റാഫുകളെ അഭിനന്ദിച്ചിരുന്നു.
തിരുവനന്തപുരത്തെ കാര്യവട്ട സ്റ്റേഡിയത്തില്‍ കായിക മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും സമീപകാലത്തായി ഉയര്‍ന്നിരുന്നു. കരേസന നിമയന റാലി,പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ റാലി എന്നിവയ്‌ക്കെല്ലാം വേദിയായത് കാര്യവട്ടം സ്റ്റേഡിയമായിരുന്നു. ഇത്തരം പരിപാടികള്‍ നടന്നതോടെ മൈതാനത്ത് കേടുപാടുകള്‍ സംഭവിക്കുകയും ഏകദേശം 61 ലക്ഷത്തിലധികം രൂപയുടെ അറ്റകുറ്റപണികള്‍ വേണ്ടിവരുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിശോധനയിലാണ് നാശനഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഇടവേളക്ക് ശേഷം കേരളത്തിലേക്ക് ക്രിക്കറ്റ് എത്തുമ്പോള്‍ കോവിഡ് സാഹചര്യം വെല്ലുവിളിയാകുമോയെന്ന് കണ്ടറിയണം. കേരളത്തില്‍ കോവിഡ് കേസുകള്‍ നിയന്ത്രണത്തിലേക്കെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കോവിഡ് മത്സരം നടത്തിപ്പിന് വെല്ലുവിളിയാവുമോയെന്ന് കണ്ടറിയണം. എന്തായാലും ക്രിക്കറ്റ് വീണ്ടും കേരളത്തിലേക്കെത്തുന്നത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. നിലവില്‍ ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ നടക്കുകയാണ്. ഇതിന് ശേഷം ഇതേ വേദിയിലാവും ടി20 ലോകകപ്പും നടക്കുക.