Wednesday, April 16, 2025
Health

മാനസിക സമ്മർദ്ദം പരിഹരിക്കാൻ ചില മാർഗങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസിക സമ്മർദ്ദം അനുഭവിക്കാത്തവരുണ്ടാകില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഓരോരുത്തരിലും വ്യത്യസ്ത രീതിയിലായിരിക്കും എന്നുമാത്രം. പ്രകടമായ ലക്ഷണങ്ങൾ അറിയാൻ സാധിക്കില്ലെങ്കിലും മറ്റ് അസുഖങ്ങളിലൂടെ മാനസിക സമ്മർദ്ദം ജീവിതത്തെ ബാധിച്ചു തുടങ്ങും. ഇത് ശാരീരികവും മാനസികവുമായ മാറ്റങ്ങളിലേക്ക് നയിക്കും.

ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കാൻ സാധിക്കാതെ വരുമെന്ന തോന്നലാണ് പലപ്പോഴും മാനസിക സമ്മർദ്ദത്തിന് കാരണം. ജോലിയിലും, വ്യക്തി ബന്ധങ്ങളിലും എല്ലാം ഈ പ്രതിസന്ധി അനുഭവപ്പെടാം. നിരാശയിലേക്ക് മനസ് കൂപ്പുകുത്തുമ്പോൾ അത് ഒരാളുടെ ദഹന പ്രക്രിയയെ വരെ ബാധിക്കും. കടുത്ത സമ്മര്‍ദ്ദമുള്ളപ്പോള്‍ ആമാശയത്തിന്റെും, ദഹനരസങ്ങളുടെയും പ്രവര്‍ത്തനം പ്രതികൂലമായിരിക്കും. സ്വസ്ഥമായ മനസ്സുള്ളപ്പോഴേ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയൂ.

മാനസിക സമ്മർദ്ദം ആരോഗ്യത്തെ ബാധിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതവും ദിവസവും കൂടിക്കൊണ്ടിരിക്കുന്ന തൊഴില്‍ഭാരവും പതിവാകുമ്പോൾ മാനസിക സമ്മർദ്ദം ഒരു പൊതു പ്രശ്നമായി മാറുകയാണ്. മനസിന്റെ പ്രശ്നങ്ങളെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ പിന്നീട് കാത്തിരിക്കുന്നത് അതിലും ഭീകരമായ അവസ്ഥകളാണ്.

സ്ട്രെസ് മാനേജ്‌മെന്റിനായി ഒട്ടേറെ സ്ഥാപനങ്ങളും വ്യായാമ രീതികളുമെല്ലാം ഇന്ന് സജീവമാണ്. വിശ്രമിക്കാൻ സമയം കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാന മാർഗം. നിങ്ങള്‍ക്ക് ആശ്വാസം പകരുന്ന കാര്യങ്ങളെ കുറിച്ച് ആലോചിക്കുക എന്നതാണ് മറ്റൊരു കാര്യം. ഇതിലൂടെ മനസിന്‌ ഒരു വിശ്രമം നൽകാൻ സാധിക്കും.

സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുക, ഇഷ്ടപെട്ട കാര്യങ്ങളിൽ മുഴുകുക തുടങ്ങിയവയൊക്കെ ഒരു പരിധിവരെ സഹായിക്കും. ഇത്തരം മാനസികാവസ്ഥയിലായിരിക്കുമ്പോള്‍ ഉറക്കം നഷ്ടപ്പെടും. ശരീരത്തിനും മനസ്സിനും മതിയായ വിശ്രമം കിട്ടാതെ വരും. അതുകൊണ്ട് നിങ്ങൾ സമ്മർദ്ദത്തിലാണെന്ന് സ്വയം തിരിച്ചറിയുമ്പോൾ തന്നെ എങ്ങനെ മറികടക്കാം എന്ന് ചിന്തിച്ചു തുടങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *