ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസം എന്ത്? മയോ ക്ലിനിക് പറയുന്നത് ഇങ്ങനെ
പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന രണ്ട് വാക്കുകളാണ് ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റും. ഇത് രണ്ടും ഒന്നാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ യഥാര്‍ഥത്തില്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ട്. ലക്ഷണങ്ങളിലും കാരണങ്ങളിലും ചികിത്സാരീതികളിലും ഉള്‍പ്പെടെ ഈ രണ്ട് അവസ്ഥകള്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മയോ ക്ലിനിക് താഴെപ്പറയുന്ന രീതിയിലാണ് വിശദീകരിക്കുന്നത്.
ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയെയാണ് കാര്‍ഡിയാക് അറസ്റ്റ് എന്ന് വിളിക്കുന്നത്. ഹൃദയമിടിപ്പിന്റെ താളം തെറ്റുകയും ഇത് പയ്യെ നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥ. ഇതേത്തുടര്‍ന്ന് ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നു. ഉടന്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്.
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ബ്ലോക്കുകള്‍ മൂലം തടസപ്പെടുകയും പതുക്കെയാകുകയും ചെയ്യുന്ന അവസ്ഥാണ് ഹാര്‍ട്ട് അറ്റാക്ക്. ബോധക്ഷയം, തുടര്‍ച്ചയായ നെഞ്ചുവേദന മുതലായ ലക്ഷണങ്ങള്‍ ഹാര്‍ട്ട് അറ്റാക്കിന് മുന്‍പായി രോഗികള്‍ കാണിക്കാറുണ്ട്.
ഹാര്‍ട്ട് അറ്റാക്കിന് പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങള്‍:
നെഞ്ച് വരിഞ്ഞുമുറുകുന്നത് പോലുള്ള തോന്നല്‍
നെഞ്ചില്‍ നിന്ന് തുടങ്ങി കൈയിലേക്കും കഴുത്തിലേക്കും തലയിലേക്കും വരെ ഒരു വേദന വ്യാപിക്കുന്നതായി തോന്നല്‍, കൈകാല്‍ കഴപ്പ്
ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്
തളര്‍ന്ന് വീണുപോകുമെന്ന തോന്നല്‍
വല്ലാത്ത ടെന്‍ഷന്‍
അമിതമായി വിയര്‍ക്കല്‍
കാര്‍ഡിയാക് അറസ്റ്റിന്റെ ലക്ഷണങ്ങള്‍
പള്‍സ് റേറ്റ് ഇല്ലാതിരിക്കല്‍
പെട്ടെന്ന് കുഴഞ്ഞുവീഴല്‍
ബോധം മറയുന്ന അവസ്ഥ
ഛര്‍ദിക്കാനുള്ള തോന്നല്‍
ശ്വാസം കിട്ടാതിരിക്കല്‍
കൊളസ്‌ട്രോളും അമിത വണ്ണവും പുകവലിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിച്ചേക്കാം. വാല്‍വ് സംബന്ധമായ തകരാറുകളും ഹൃദയത്തിനുണ്ടാകുന്ന ജനിതക തകരാറുകളും ഉള്‍പ്പെടെ കാര്‍ഡിയാക് അറസ്റ്റിന് കാരണമാകും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം ലഭ്യമാക്കുക.