ദിവസവും 4000 ചുവടുകൾ നടക്കൂ, അകാലമരണ സാധ്യത കുറയുമെന്ന് പഠനം
നിത്യവും കുറച്ചു സമയം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. ചെലവൊന്നുമില്ലാതെ തുടങ്ങാവുന്നതും ഏത് പ്രായക്കാര്‍ക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് നടത്തം. ഈ ലളിത വ്യായാമം ശരീരത്തിന് നൽകുന്ന എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ വിവരിക്കുന്ന നിരവധി പഠനങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്. ദിവസം 4,000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.
ആരോഗ്യകരമായി ജീവിക്കാൻ ഒരു ദിവസം എത്ര നടക്കണം എന്ന ചോദ്യത്തിന് വർഷങ്ങളായി ഉത്തരം തേടുകയാണ് നമ്മൾ. ഒരു ദിവസം 6000 മുതല്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് ഈ ചോദ്യത്തിന് വിദഗ്ധർ നൽകുന്ന മറുപടി. എന്നാൽ ഒരു ദിവസം 4000 ചുവടുകൾ നടക്കുന്നത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. ഏത് കാരണങ്ങള്‍കൊണ്ടുമുള്ള അകാലമരണം ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്.
പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2,26,889 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കാര്‍ഡിയോളജി പ്രൊഫസറായ മസീജ് ബനാച്ച് ശേഖരിച്ചു.
എത്രയധികം നടക്കുന്നുവോ അത്രയധികം ആരോഗ്യഗുണങ്ങള്‍ നമുക്കു ലഭിക്കുമെന്നാണ് പഠനം. പ്രതിദിനം 3967 ചുവടുകളെങ്കിലും നടക്കുന്ന ആളുകൾക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യം ലഭിക്കും. അതിശയകരമെന്നു പറയട്ടെ, ഒരു ദിവസം വെറും 2,337 ചുവടുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണത്തെ തടുക്കുമെന്നും ഗവേഷകർ കണ്ടെത്തി. ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്ക്കും. ദിവസം 500 ചുവട് അധികമായി നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണസാധ്യത ഏഴ് ശതമാനം കുറയ്ക്കും.
എന്നാല്‍, ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് മടി നിറഞ്ഞ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.