Saturday, December 28, 2024
Health

ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ചെയ്യാവുന്ന ആറ് ടെസ്റ്റുകള്‍…

ഹൃദയത്തിന്‍റെ ആരോഗ്യം എപ്പോഴും ഉറപ്പുവരുത്തുന്നതാണ് നല്ലത്. വര്‍ഷത്തിലൊരിക്കലെങ്കിലും ആകെ ആരോഗ്യം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ വേണ്ട പരിശോധനകള്‍ ചെയ്യുന്നത് മികച്ചൊരു ശീലമാണ്. ഇതിന് വേണ്ട സാമ്പത്തിക മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ നടത്താവുന്നതാണ്. അത്രയും ഭാരിച്ചൊരു തുക ഇതിനായി ചെലവിടേണ്ടി വരുമെന്നതിനാലാണ് പലരും ചെക്കപ്പുകളില്‍ നിന്ന് വഴിമാറിപ്പോകുന്നത്.

എന്തായാലും ഇത്തരത്തില്‍ ഹൃദയത്തിന്‍റെ ആരോഗ്യം ഉറപ്പുവരുത്താൻ സഹായിക്കുന്ന ആറ് തരം ടെസ്റ്റുകള്‍ ഏതെല്ലാമാണെന്നാണ് ഇനി വിശദീകരിക്കുന്നത്. തീര്‍ച്ചയായും ഈ ടെസ്റ്റുകള്‍ ഡോക്ടര്‍മാര്‍ തന്നെയാണ് ചെയ്യാനായി നിര്‍ദേശിക്കുക.

ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇസിജി/ഇകെജി)

ഇസിജിയെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഹൃദയത്തിന്‍റെ മിടിപ്പ് മനസിലാക്കുവാനും അതിലെന്തെങ്കിലും അസ്വാഭാവികതകളുണ്ടോ എന്നത് അറിയുവാനുമാണ് ഇസിജി ചെയ്യുന്നത്.

സ്ട്രെസ് ടെസ്റ്റ്

സ്ട്രെസ് ടെസ്റ്റ് അല്ലെങ്കില്ഡ എക്സര്‍സൈസ് ടോളറൻസ് ടെസ്റ്റ് എന്നറിയപ്പെടുന്ന ടെസ്റ്റ് ചെയ്യുന്നത് നിങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള കായികാധ്വാനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ്. കായികാധ്വാനത്തിലേര്‍പ്പെടുമ്പോള്‍ നിങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദത്തോട് ഹൃദയം എത്തരത്തിലാണ് പ്രതികരിക്കുന്നത് എന്നറിയാനാണ് ഈ ടെസ്റ്റ്. ലളിതമായി പറഞ്ഞാല്‍ ഹൃദയത്തിന്‍റെ ‘കപ്പാസിറ്റി’ മനസിലാക്കാൻ. ഹൃദയത്തെ ബാധിക്കുന്ന പല രോഗങ്ങളിലേക്കുമുള്ള സൂചനകള്‍ ഈ ടെസ്റ്റ് ഫലത്തിലൂടെ ലഭ്യമാകും.

എക്കോകാര്‍ഡിയോഗ്രാം

ശബ്ദതരംഗങ്ങളിലൂടെ ഹൃദയത്തിന്‍റെ ഘടനയും പ്രവര്‍ത്തനവും മനസിലാക്കാൻ സഹായിക്കുന്ന പരിശോധനയാണ് എക്കോകാര്‍ഡിയോഗ്രാം. ഹൃദയത്തിന്‍റെ പമ്പിംഗ്, കപ്പാസിറ്റി, വാള്‍വിന്‍റെ പ്രവര്‍ത്തനം, ആകെ ആരോഗ്യം എന്നിവയെല്ലാം വിലയിരുത്തുന്നതിനാണ് എക്കോകാര്‍ഡിയോഗ്രാം ഉപയോഗിക്കുന്നത്.

കാര്‍ഡിയാക് കത്തീറ്ററൈസേഷൻ

നേര്‍ത്തൊരു ട്യൂബ് രക്തക്കുഴല്‍ വഴി ഹൃദയത്തിലേക്ക് കടത്തിയാണ് ഈ പരിശോധന നടത്തുന്നത്. രക്തയോട്ടം, മര്‍ദ്ദം, ബ്ലോക്കുകള്‍ മറ്റ് അസാധാരണത്വങ്ങള്‍ എല്ലാം മനസിലാക്കുന്നതിനാണ് ഈ പരിശോധന നടത്തുന്നത്.

രക്തപരിശോധന

രക്തപരിശോധനയിലൂടെയും ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാൻ സാധിക്കും. കൊളസ്ട്രോള്‍, കൊഴുപ്പിന്‍റെ അളവ് മറ്റ്- ഹൃദയത്തെ പ്രശ്നത്തിലാക്കുന്ന ഘടകങ്ങളെ കുറിച്ചെല്ലാം മനസിലാക്കാൻ രക്തപരിശോധന സഹായകമാണ്.

സിടി സ്കാൻ/ എംആര്‍ഐ

സിടി സ്കാൻ/ എംആര്‍ഐ എല്ലാം ഏവര്‍ക്കുമറിയാവുന്ന പരിശോധനയാണ്. ഹൃദയത്തെ ബാധിക്കുന്ന ഘടനാപരമായ പ്രശ്നങ്ങള്‍, ബ്ലോക്കുകള്‍ എന്നിവയെല്ലാം മനസിലാക്കുന്നതിനും സിടി സ്കാൻ/ എംആര്‍ഐ പരിശോധന പ്രയോജനപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *