ഉംറ തീർത്ഥാടകനായ കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു
ഉംറ നിർവഹിക്കാനായി എത്തിയ കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി. പേരാമ്പ്ര വളയം ഒ.പി മുക്കിൽ ഓണപറമ്പത്ത് അബ്ദുല്ല (69) യാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം ബുധനാഴ്ച ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഈസ്റ്റ് ജിദ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് മരുമകൻ നൗഷാദ് നിഡോളി അറിയിച്ചു.
ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലേക്ക് പോവുന്നതിന് മുമ്പായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ജിദ്ദയിലുള്ള മകളുടെയും കുടുംബത്തിന്റെയും അടുത്ത് വിശ്രമിക്കുകയായിരുന്നു. അതിനിടെ വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു മരണം. ഭാര്യ റാബിയ ഒരാഴ്‌ച മുമ്പ് സന്ദർശക വിസയിൽ ജിദ്ദയിലെത്തിയിരുന്നു.
മക്കൾ: ഇർഷാദ്, റിയാസ്, റാഹില, ഷഹർബാനു (തനിമ ജിദ്ദ സൗത്ത് വനിതാ സോണൽ സമിതി അംഗം), മരുമക്കൾ: നൗഷാദ് നിഡോളി (തനിമ ജിദ്ദ സൗത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), യൂനുസ് ഈസ്റ്റ് പേരാമ്പ്ര, മുംതാസ്, ലാഷിറ.