യുഎഇ തൊഴില്‍ കരാര്‍; ലിമിറ്റഡ് കോണ്‍ട്രാക്റ്റിലേക്ക് മാറാനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ
യുഎഇയില്‍ തൊഴില്‍ കരാര്‍ ലിമിറ്റഡ് കോണ്‍ട്രാക്റ്റിലേക്ക് മാറ്റാനുള്ള സമയ പരിധി ഡിസംബര്‍ 31 വരെയാക്കി. ഫെബ്രുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സമയപരിധി നല്‍കിയിട്ടുണ്ടെന്ന് യുഎഇ മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
2022 ഫെബ്രുവരി 2 മുതലാണ് പുതിയ തൊഴില്‍ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. തൊഴില്‍ കരാറുകളുടെ കാലാവധി നിശ്ചയിക്കുന്ന പരിഷ്‌കാരമാണ് ഇതില്‍ പ്രധാനം. പുതിയ മാറ്റമനുസരിച്ച് കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഒപ്പിട്ട തൊഴില്‍ കരാറുകള്‍ മാറ്റണം. ഇതനുസരിച്ച്
എല്ലാ തൊഴില്‍ കരാറുകളും ഒരു നിശ്ചിത കാലയളവിലേക്കായിരിക്കണം.
പരമാവധി മൂന്ന് വര്‍ഷത്തേക്കായിരിക്കും ഈ കരാറുകള്‍. തൊഴിലുടമയുടെയും തൊഴിലാളിയുടെയും സമ്മത പ്രകാരം സമാനമായ കാലയളവിലേക്കോ കുറഞ്ഞ കാലയളവിലേക്കോ കരാര്‍ നീട്ടുകയോ പുതുക്കുകയോ ചെയ്യാം.സമയപരിധി കഴിഞ്ഞിട്ടും കരാര്‍ മാറ്റാത്തവര്‍ക്കെതിരെ പിഴ ചുമത്തും.
അതേസമയം ഫ്രീന്‍ലാന്‍സ് വിസ, ഗോള്‍ഡന്‍ വിസ, ഗ്രീന്‍ റെസിഡന്‍സ് വിസ തുടങ്ങി സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള വിസക്കാര്‍ക്ക് കമ്പനികളുമായി ഹ്രസ്വകാല തൊഴില്‍ കരാറുണ്ടാക്കി ജോലി ചെയ്യാം. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യന്‍ സെന്റര്‍ എന്നിവിടങ്ങളിലുള്ളവരും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.