ദുബായ് ക്രീക്കിലെ ഫ്ലോട്ടിങ് റസ്റ്ററന്റ് വെള്ളത്തിൽ മുങ്ങി
ദുബായ് : ദുബായ് ക്രീക്കിലെ ‘ഒഴുകുന്ന റസ്റ്ററന്റ്’ (ഫ്ലോട്ടിങ് റസ്റ്ററന്റ്) വെള്ളത്തിൽ മുങ്ങി. ദുബായ് പൊലീസ്, സിവിൽ ഡിഫൻസ്, ദുബായ് മുനിസിപാലിറ്റി എന്നിവ രക്ഷാപ്രവർത്തനം നടത്തി. ആർക്കും പരുക്കില്ലെന്ന് ദുബായ് പൊലീസ് പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഡോ.ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു.
റസറ്ററന്റ് ഉടമയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തുറമുഖ സംരക്ഷണസേന, സിവിൽ ഡിഫൻസ്, മറൈൻ ഫയർ ആൻഡ് റെസ്ക്യു വിഭാഗം എന്നിവയോടൊപ്പം പൊലീസ് സംഭവ സ്ഥലത്തെത്തി മുങ്ങിക്കൊണ്ടിരിക്കുകയായിരുന്ന റസ്റ്ററൻ്റിന് ഉയർത്തിയതായി മാരിടൈം റെസ്ക്യു വിഭാഗം തലവൻ ലഫ്.കേണൽ അലി അബ്ദുല്ല അൽ നഖ് ബി പറഞ്ഞു.
ഒട്ടേറെ ഫ്ലോട്ടിങ് റസ്റ്ററൻ്റുകള്‍ ദുബായ് ക്രീക്കിൽ പ്രവർത്തിക്കുന്നു. വൈകുന്നേരങ്ങളിലാണ് ഇവ സജീവമാകുക. പാർട്ടികൾ നടത്താൻ മലയാളികളടക്കം ഇൗ ഒഴുകുന്ന റസ്റ്ററൻ്റുകൾ തിരഞ്ഞെടുക്കുന്നു. കൂടാതെ, വിശേഷാൽ ദിനങ്ങളിലും അവധി ദിനങ്ങളിലും നല്ല തിരക്കനുഭവപ്പെടാറുണ്ട്. 25 മുതൽ 50 ദിർഹം വരെയാണ് ഒരാൾക്ക് രാത്രി ഭക്ഷണത്തിന് ഇൗടാക്കാറ്. സംഗീതത്തിന്റെ മേമ്പൊടിയോടെ ക്രീക്കിന്റെ മനോഹാരിത നുകർന്ന് ഭക്ഷണം കഴിക്കാമെന്നതാണ് പ്രത്യേകത.